കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മകനെ രക്ഷിക്കാനുള്ള അടവാണെന്നും മര്‍ദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
മകളെ മര്‍ദ്ദിച്ചെന്ന് രാഹുല്‍ തന്നെ സമ്മതിച്ചിരുന്നു. രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞെന്ന് അറിയില്ലായിരുന്നു. രാഹുലിന്റെ കുടുംബം അക്കാര്യം മറച്ചുവച്ചെന്നും അറിഞ്ഞിരുന്നെങ്കില്‍ മകളെ വിവാഹം ചെയ്തു കൊടുക്കില്ലായിരുന്നെന്നും പിതാവ് പ്രതികരിച്ചു.
മകന്‍ രാഹുല്‍ മര്‍ദ്ദിച്ചുവെന്നും എന്നാല്‍ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നുമാണ് രാഹുലിന്റെ അമ്മ പറഞ്ഞത്. യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്.
ഗാര്‍ഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റവുമാണ് രാഹുലിന് മേല്‍ ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.