/sathyam/media/media_files/2025/02/07/td25HVasfONWXJSFiWo9.jpg)
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍നിന്ന് 26 കിലോ പണയസ്വര്‍ണം തട്ടിയ കേസില്‍ മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി രാജീവ് ഗാന്ധി നഗറില്‍ കാര്‍ത്തികിനെയാണ് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബെന്നി അറസ്റ്റ് ചെയ്തത്.
വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തിരുപ്പൂരിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ബാങ്ക് വടകര ശാഖാ മാനേജറായിരുന്ന മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കാര്‍ത്തികിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്ര ബാങ്കില്‍ പണയം വെച്ച 26.24420 കിലോഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട സ്വര്‍ണം കാര്‍ത്തികിന്റെ സഹായത്തോടെ മധ ജയകുമാര്‍ തമിഴ്‌നാട്ടിലെ ബാങ്ക് ഓഫ് സിംഗപ്പൂര്‍, കത്തോലിക് സിറിയന്‍ ബാങ്ക് എന്നീ ബാങ്കുകളുടെ വിവിധ ശാഖകളില്‍ പണയം വച്ചിരുന്നു.
പലരുടേയും പേരില്‍ പണയംവെച്ച പണം മധ ജയകുമാറിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് മാസങ്ങള്‍ക്കുശേഷം പ്രതി വലയിലായത്.
നഷ്ടപ്പെട്ട 15.850 കിലോയോളം സ്വര്‍ണം പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ബാക്കി സ്വര്‍ണം കണ്ടെത്താനാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി തിരുപ്പൂരിലേക്ക് കൊണ്ടുപോയത്.