പത്തനംതിട്ട: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഇലന്തൂര്‍ ഭഗവതിക്കുന്നു മറുണ്ണരേത്ത് വീട്ടില്‍ പ്രദീപ് കുമാറി(38)നെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരേക്ക് സര്‍വീസ് നടത്തുന്ന സ്റ്റാര്‍ ട്രാവല്‍സ് ബസിന്റെ ഡ്രൈവറാണ് ഇയാള്‍.
ഇന്ന് രാവിലെ പത്തിന് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ വച്ചാണ് സംഭവം.
ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റ് എസ്.ഐ അജി സാമൂവലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്ന് കേസ് എടുക്കുകയായിരുന്നു.
തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതിന് പത്തനംതിട്ട ആര്‍.ടി.ഓയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലയില്‍ സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരിശോധന കര്‍ശനമായി തുടരാനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ പറഞ്ഞു.