തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂവെന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു.
കേസില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം മതിയെന്നാണ് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ നിലപാടു മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായെന്നും ഹര്‍ജി തള്ളണമെന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കാനായി കേസ് ഈ മാസം 12ലേക്ക് മാറ്റി.
ധാതു മണല്‍ ഖനനത്തിനായി സി.എം.ആര്‍.എല്‍. കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹര്‍ജി ഫയല്‍ ചെയ്തത്.
വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഫെബ്രുവരി 29നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു.