കെ.പി.സി.സി. പുനഃസംഘടന: പുതിയ നേതൃത്വത്തെ ചുമതലപ്പെടുത്തി ഹൈക്കമാന്‍ഡ്, അഴിച്ചുപണി വൈകരുത്, ഗ്രൂപ്പ് വീതം വയ്ക്കലിലേക്ക് പോകുകയുമരുത്, രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ഉണ്ടാകില്ല, മുഴുവന്‍ നേതാക്കളുമായും കൂടിയാലോചന നടത്താനും നിര്‍ദ്ദേശം; പുനഃസംഘടന വൈകാന്‍ സാധ്യത

കേരളത്തിലെ പ്രധാന നേതാക്കളെല്ലാം കാലങ്ങളായി ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമോ ഗ്രൂപ്പിന്റെ നേതൃസ്ഥാനം കൈയ്യാളുന്നവരോ ആണെന്നതാണ് വാസ്തവം.

New Update
1313131

തിരുവനന്തപുരം: സംസ്ഥാന പുനഃസംഘടനയില്‍ നേതാക്കളുമായി  കൂടിയാലോചന  നടത്തി നിര്‍ദ്ദേശം തയാറാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുതിയ നേതൃത്വത്തെ ചുമതലപ്പെടുത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തലത്തിലും സെക്രട്ടറി തലത്തിലും ഡി.സി.സി അധ്യക്ഷന്മാരുടെ തലത്തിലുമാണ് അഴിച്ചുപണി നടത്തുന്നത്.

Advertisment

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ വീതം വയ്ക്കുന്ന പഴയരീതിയിലേക്ക് പോകില്ലെങ്കിലും പ്രധാന നേതാക്കളുമായെല്ലാം കൂടിയാലോചിച്ചായിരിക്കും പുതുതായി ആരെയൊക്കെ ഉള്‍ക്കൊള്ളിക്കണമെന്ന കാര്യത്തില്‍ പ്രൊപ്പോസല്‍ തയാറാക്കേണ്ടത്.

കേരളത്തിലെ പ്രധാന നേതാക്കളെല്ലാം കാലങ്ങളായി ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമോ ഗ്രൂപ്പിന്റെ നേതൃസ്ഥാനം കൈയ്യാളുന്നവരോ ആണെന്നതാണ് വാസ്തവം. പുനഃസംഘടനയുടെ പേരില്‍ പുതിയ പ്രശ്‌നങ്ങളോ അസ്വാരസ്യങ്ങളോ ഉടലെടുക്കരുതെന്നത് കൊണ്ടാണ് എല്ലാവരുമായും ആലോചിച്ച് ധാരണയുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാന നേതൃത്വം സമര്‍പ്പിക്കുന്ന പ്രൊപ്പോസലില്‍ ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനം കൈക്കൊളളുക. കേരളത്തിലെ പാര്‍ട്ടിയില്‍ സമഗ്രമായ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്ന പുതിയ നേതൃത്വത്തിന് ദേശിയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കൈക്കൊളളുന്ന ഏത് തീരുമാനത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് നേതാക്കളുമായുളള കൂടിക്കാഴ്ചയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്.

വയനാട് എം.പി. പ്രിയങ്ക ഗാന്ധിയും പുനഃസംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കെ.പി.സി.സി. തലത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തുമെങ്കിലും  രാഷ്ട്രീയകാര്യ സമിതിയില്‍ തൊടേണ്ടെന്നാണ് നേതൃത്വത്തിലെ ധാരണ.

രാഷ്ട്രീയകാര്യ സമിതി പാര്‍ട്ടി ഭരണഘടന പ്രകാരമുളള സമിതിയല്ല. വി.എം. സുധീരന്‍ അധ്യക്ഷനായിരുന്ന കാലത്ത് രാഷ്ട്രീയവും നയപരവുമായ കാര്യങ്ങളിലെ കൂടിയാലോചനയ്ക്ക് വേണ്ടി രൂപീകരിച്ച സമിതിയാണിത്. ആദ്യം പത്തില്‍ താഴെ അംഗങ്ങളുണ്ടായിരുന്ന രാഷ്ട്രീയകാര്യ സമിതി ഇപ്പോള്‍ ജംബോ സംവിധാനമായി മാറിയതായി വിമര്‍ശനമുണ്ട്. 

പുനഃസംഘടന ഉണ്ടാകില്ലെങ്കിലും രാഷ്ട്രീയ കാര്യ സമിതിയിലെ ഒഴിവുകള്‍ നികത്തുന്നത് പുതിയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. നിലവില്‍ രണ്ട് ഒഴിവുകളാണ് രാഷ്ട്രീയകാര്യ സമിതിയിലുളളത്. കെ.പി.സി.സിയിലെയും ജില്ലാ അധ്യക്ഷന്മാരുടെയും പുനഃസംഘടന ഈ മാസം തന്നെ പൂര്‍ത്തീകരിക്കാനാണ് നേതൃതലത്തിലെ ധാരണ. 

എന്നാല്‍ ഇനിയുളള ദിവസങ്ങള്‍ കൊണ്ട് ചര്‍ച്ച പൂര്‍ത്തീകരിച്ച് പ്രൊപ്പോസല്‍ തയാറാക്കി ഹൈക്കമാന്‍ഡിനെ സമീപിക്കാനാകുമോ എന്നത് സംശയമാണ്. സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ചിലര്‍ ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഇല്ലാത്തത് ചര്‍ച്ച വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്.

വിശാല ഐ ഗ്രൂപ്പിന്റെ നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വിദേശ പര്യടനത്തിനായി യാത്രതിരിക്കുകയാണ്. അമേരിക്കയിലേക്ക് യാത്ര പോകുന്ന  രമേശ് ചെന്നിത്തല ഈ മാസം 24ന് മാത്രമേ തിരിച്ചെത്തുകയുളളൂ. കേരളത്തില്‍ നിന്നുളള നേതാവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായി കെ.സി. വേണുഗോപാലും ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടാകില്ല.

പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗമായി കെ.സി. വേണുഗോപാലും വിദേശത്തേക്ക് പോകുകയാണ്. 26ന് മാത്രമേ വേണുഗോപാല്‍ തിരിച്ചെത്തുകയുള്ളൂ. ഇതെല്ലാം കണക്കിലെടുത്താല്‍ പുനഃസംഘടന ഈ മാസം പ്രാബല്യത്തില്‍ വരാനുളള സാധ്യത വിരളമാണ്.

Advertisment