കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. പോലീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
വയനാട്ടിലെ മിക്ക റോഡുകളും തകര്‍ന്ന നിലയിലാണ്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മേപ്പാടി, ചൂരല്‍മല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ സഹായം തേടിയിരിക്കുകയാണ്.