കാസര്‍കോഡ്: വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി ആഭരണങ്ങള്‍ കവരാന്‍ ശ്രമം. ഉപ്പള മൂസോടി കണങ്കളംപാടിയിലെ ആയിഷാബി(80)യെയാണ് ആക്രമിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം.
ആയിഷാബി തന്റെ പശുക്കള്‍ക്ക് വെള്ളം കൊടുക്കവെ പര്‍ദ്ദ ധരിച്ചെത്തിയ ആള്‍ ആയിഷാബിയുടെ കണ്ണുകളിലേക്ക് മുളകുപൊടി വിതറുകയും കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍, ആയിഷാബി ബഹളം വയ്ക്കുകയും അയല്‍വാസികള്‍ എത്തുന്നതിനിടെ പ്രതി കടന്നുകളയുകയുമായിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്തു.