/sathyam/media/media_files/c58jGGF5jKszY5IKkS3I.jpg)
കാസര്‍കോട്: കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രതിയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.
അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ മൂന്നിനാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് തട്ടിക്കൊണ്ട് പോയത്.
വീട്ടിലെ മറ്റുള്ളവര്‍ ആ സമയത്ത് ഉറക്കത്തിലായിരുന്നു. മുന്‍ വാതില്‍ തുറന്ന് മുത്തച്ഛന്‍ പുറത്ത് പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്നാണ് സംശയം. വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ കണ്ണിനും കഴുത്തിലും പരിക്കേറ്റിരുന്നു. മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടി മൊഴി നല്‍കിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഹൊസ്ദുര്‍ഗ് പോലീസ്.