കൊച്ചി: നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെതിരേ കേസെടുത്ത് പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
തൃശൂര്‍ സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നും ഗര്‍ഭിണിയണെന്ന കാര്യം യുവാവിന് അറിയാമായിരുന്നെന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നും ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറിയെന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെയാണ് യുവാവിനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
യുവതി ഗര്‍ഭിണിയായത് ബലാത്സംഗം ചെയ്യപ്പെട്ടതു മൂലമാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍, യുവാവിന് എതിരെ അന്ന് യുവതി മൊഴി നല്‍കിയിരുന്നില്ല. ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്‌മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സി.സി.ടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി.
തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. പുലര്‍ച്ചെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകിവച്ചു. യുവതി ഗര്‍ഭിണിയാണെന്നതോ പ്രസവിച്ചതോ വീട്ടുകര്‍ അറിഞ്ഞിരുന്നില്ല. അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തയായ യുവതി കൈയ്യില്‍ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തലയ്ക്കും പൊട്ടലുണ്ടായിരുന്നു.
മാനസികമായി വലിയ ആഘാതമാണ് യുവതി ഈ സമയത്ത് നേരിട്ടിരുന്നത്. ഗര്‍ഭിണിയാണെന്നത് തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നുമായിരുന്നു യുവതിയുടെ മൊഴി. ആണ്‍സുഹൃത്തിനെ കുറ്റപ്പെടുത്താതെയാണ് അന്നു യുവതി മൊഴി നല്‍കിയത്. കടുത്ത അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.