തിരുവനന്തപുരം: കരമനയില്‍ വിവാഹ തട്ടിപ്പെന്ന് ആരോപണം. വധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ വരന്റെ കുടുംബം തട്ടിയെടുത്തു. വരന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തായതോടെയാണ് സ്വര്‍ണം തട്ടിയെടുത്തതെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു.
ഇന്നലെയാണ് കരമന സ്വദേശി മിഥുന്‍ എന്ന ഉണ്ണിയുമായി വട്ടപ്പാറ സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. ആറ്റുകാല്‍ അമ്മ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹശേഷമാണ് മിഥുന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്. വരന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ മിഥുന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
തനിച്ചു വീട്ടിലെത്തിയ വധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മിഥുന്റെ കുടുംബാംഗങ്ങള്‍ ഊരി മേടിച്ചു. മിഥുന് മുമ്പ് ബന്ധമുണ്ടായിരുന്ന സ്ത്രീ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ അവര്‍ക്കൊപ്പം പോയെന്നാണ് വധുവിന്റെ കുടുംബം പറയുന്നത്. നഷ്ടപ്പെട്ട സ്വര്‍ണാഭരണവും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പോലീസ് കമ്മിഷണറിന് ഉള്‍പ്പെടെ പരാതി നല്‍കി.