മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ 10ന് കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് സംഭവം.
വള്ളുവമ്പ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകന്‍ അലി അനീസ്, ഭാര്യ ബാസിമ, മക്കളായ ഐസം, ഹെസിന്‍, ബന്ധു ഷബീറലി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. നാട്ടുകാര്‍ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങള്‍ തടഞ്ഞതിനാല്‍ മറ്റ് അപകടങ്ങളും ഒഴിവായി. നാട്ടുകാരും മലപ്പുറത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും തീയണച്ചു.