Advertisment

പടയണി താളത്തില്‍ മുഴുകി നീലംപേരൂര്‍ ഗ്രാമം; പടയണിയുടെ നാലാം ഘട്ടം ഇന്നു മുതല്‍, പൂരം പടയണി ഒക്ടോബര്‍ ഒന്നിന്

പരദേവതയുടെ പിറന്നാള്‍ ആയിട്ടാണ് ഈ ദിവസത്തെ ഭക്തര്‍ കാണുന്നത്.

New Update
3636

നീലംപേരൂര്‍: പടയണി താളത്തില്‍ മുഴുകി നീലംപേരൂര്‍ ഗ്രാമം, പടയണിയുടെ സമാപനമായ നാലാം ഘട്ടത്തിലേക്ക് ഇന്ന് കടക്കും. പൂരം പടയണിയുടെ മൂന്നാംഘട്ടത്തില്‍ ഇന്നലെ ഭീമസേനന്‍ പടയണിക്കളത്തില്‍ എത്തി.

Advertisment

ചേരമാന്‍ പെരുമാള്‍ കോവിലില്‍ എത്തി അനുവാദം വാങ്ങിയ ശേഷമാണ് ഭീമസേനന്‍ പടയണിക്കളത്തില്‍ എത്തിയത്. പ്ലാവിലക്കോലങ്ങളില്‍ രണ്ടാം ദിവസം ഐരാവതവും, മൂന്നാം ദിവസം പ്ലാവില കോലങ്ങളുടെ തുടര്‍ച്ചയായി ഹനുമാന്‍ കോലവും നാലാംനാള്‍ ഭീമസേനനും പടയണിക്കളത്തില്‍ എത്തിയതോടെ മൂന്നാം ഘട്ടം സമാപിച്ചു.

മൂന്നാം ഘട്ടത്തിന് സമാപനം കുറിച്ച് കളത്തില്‍ കുടം പൂജകളിയും പ്രത്യേക താളമേളത്തോടെ തോര്‍ത്ത് വീശിയുള്ള തോത്താ കളിയും നടന്നു. ഇതോടെ പടയണിയുടെ സമാപനമായ നാലാംഘട്ടം ആരംഭിച്ചു.

നാലാം ഘട്ടത്തില്‍ കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയില്‍ കൊടുംവനത്തിലെത്തുന്ന ഭീമസേനന്‍ വനത്തിനുള്ളില്‍ കുബേരന്റെ കൊട്ടാരത്തിന് മുന്പില്‍ കാണുന്ന കാഴ്ചകളായ പിണ്ടിയും കുരത്തോലയും കൊട്ടാരത്തിന്റെ അടയാളമായ കൊടിക്കൂറ, കൊട്ടാരത്തിന്റെ കാവല്‍ക്കാരനായ കാവല്‍പിശാച്, കൊട്ടാര മാതൃകയിലുള്ള അമ്പലക്കോട്ട, സിംഹം എന്നിവയെ പടയണിക്കളത്തില്‍ എഴുന്നള്ളിക്കും.

ചിങ്ങമാസത്തിലെ തിരുവോണ ദിവസം കഴിഞ്ഞുള്ള പതിനാറാം നാളാണ് നീലംപേരൂര്‍ പൂരം പടയണി.  ക്ഷേത്രത്തില്‍ കുടികൊള്ളുന്ന പരദേവതയുടെ പിറന്നാള്‍ ആയിട്ടാണ് ഈ ദിവസത്തെ ഭക്തര്‍ കാണുന്നത്. കന്നിമാസത്തിലെ പൂരം തിരുനാളാണ് ഭഗവതിയുടെ യഥാര്‍ത്ഥ പിറന്നാള്‍ ദിനമായി ആചരിക്കുന്നത്.

ഭക്തര്‍ തങ്ങളുടെ ആഗ്രഹസഫലീകരണത്തിന് ഭഗവതിക്ക് വഴിപാടായി പുത്തനന്നങ്ങള്‍ നേരുന്നു. ഇതിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് നീലംപേരൂര്‍ ഗ്രാമം.

 

Advertisment