കോഴിക്കോട്: നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിര്‍ത്തിയുള്ള ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.
വളയം മുതുകുറ്റി സ്വദേശി സന്തോഷ് കുമാര്‍ (52), കൊല്ലം അഞ്ചല്‍ സ്വദേശി ശ്രീസദനത്തില്‍ കൊച്ചുമോന്‍ (40) എന്നിവര്‍ക്കാണ് ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി കിരണ്‍ (35) ആണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
വളയം മുതുകുറ്റിയില്‍ വച്ച് ഇന്ന് പകല്‍ 12നാണ് ആക്രമണമുണ്ടായത്. റബ്ബര്‍ വെട്ട് ജോലിക്കെത്തിയവരാണ് എല്ലാവരും. മൂന്ന് മാസം മുന്‍പ് മുതുകുറ്റിയില്‍ നിന്നും ഒട്ടുപാലും റബ്ബര്‍ ഷീറ്റുകളും മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.