കോട്ടയം: സംഭരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോഴും സംഭരിച്ച നെല്ലിന്റെ തുക നല്‍കുന്ന കാര്യത്തില്‍ വീണ്ടും അലംഭാവം, തുക വിതരണം താറുമാറായതോടെ നിവര്‍ത്തിയില്ലാതെ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകര്‍. 16ന് രാവിലെ പത്തിനു നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സപ്ലൈകോ ഓഫീസ് മാര്‍ച്ച് നടത്തും.
ജില്ലയിലെ കര്‍ഷകര്‍ക്കു കോടികളുടെ കുടിശികയാണു നിലവിലുള്ളത്. സംഭരിച്ച നെല്ലിന്റെ പി.ആര്‍.എസ്. നല്‍കുമ്പോള്‍ ബാങ്കില്‍ നിന്നു ലോണായി കര്‍ഷകര്‍ക്കു പണം നല്‍കുന്ന രീതിയായിരുന്നു ഇത്തവണത്തേത്. എസ്.ബി.ഐ, കാനറാ ബാങ്കുകള്‍ മുഖേനയാണു പണം നല്‍കുന്നത്. തുടക്കത്തില്‍ പ്രശ്ന രഹിതമായി പണവിതരണം നടന്നിരുന്നു. പിന്നീട്, എസ്.ബി.ഐയില്‍ നിന്നു പണം ലഭിക്കാതായതു കര്‍ഷകര്‍ക്കു തിരിച്ചടിയായി.
വ്യാപക പ്രതിഷേധത്തിനൊടുവില്‍ തുക വിതരണം ആരംഭിച്ചുവെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്. കാനറാ ബാങ്ക് മുഖേന തടസമില്ലാതെ നടന്നിരുന്ന തുക വിതരണവും ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്. കാനറാ ബാങ്കിലേക്കുള്ള സപ്ലൈകോ അലോട്ട്മെന്റ് നിര്‍ത്തിവച്ചിരിക്കുന്നതായാണു കര്‍ഷകര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. കാനറാ ബാങ്കില്‍ നിന്നുള്ള അക്കൗണ്ടുകള്‍ കൂടി എസ്.ബി.ഐയിലേക്കു മാറ്റി നല്‍കുകയാണ്.
അവശേഷിക്കുന്ന തുക വിതരണം വൈകുമെന്ന വിവരമാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഏപ്രിലില്‍ നെല്ല് നല്‍കിയവര്‍ പോലും പണത്തിനായി കാത്തിരിപ്പു തുടരുകയാണ്. ജില്ലയില്‍ 177.88 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. പകുതി തുക പോലും വിതരണം ചെയ്തില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. തുക വിതരണം വൈകുന്നതോടെ കര്‍ഷക കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.