/sathyam/media/media_files/27AkrLBmCfI1vhwUfzwg.jpg)
കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെക്കുറിച്ച് നിരവധി ദുരൂഹതകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്.
കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ പി. പ്രതീഷ്‌കുമാറാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വെള്ള, നീല കാറുകള്‍ക്കൊപ്പം അകമ്പടി ബൈക്കുകളിലുമായി സംഘം വരുന്നതു കണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ആറിലേറെ ആളുകളുണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
''മൂകാംബികയില്‍ പോകുന്നതിനു പള്ളിക്കലില്‍ ഭാര്യാവീട്ടിലേക്ക് ഭാര്യയും കുട്ടിയുമായി ബൈക്കില്‍ പോകുകയായിരുന്നു ഞാന്‍. വെള്ള കാറിലെ പിന്‍ സീറ്റില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു. കാറിനു മുന്നില്‍ പൈലറ്റ് കണക്കെ ബൈക്ക് നീങ്ങി.
കല്ലുവാതുക്കല്‍-നടയ്ക്കല്‍ റോഡില്‍ നിന്ന് ആറയില്‍ ജങ്ഷനിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ വെളിനല്ലൂര്‍ ഭാഗത്ത് നിന്നു കാര്‍ എത്തി. ബൈക്കിന്റെ വെളിച്ചത്തില്‍ കാറില്‍ ഉള്ളവരെ വ്യക്തമായി കണ്ടു. അവരും ശ്രദ്ധിച്ചു. സംഘത്തെ നിയന്ത്രിക്കുന്നതെന്ന് അനുമാനിക്കുന്ന ആളാണ് ബൈക്ക് ഓടിച്ചിരുന്നതെന്നു സംശയിക്കുന്നു. ബൈക്കിനു മുന്നില്‍ ദുരൂഹ നിലയില്‍ ഒരു പൊതിയുണ്ടായിരുന്നു. ഇവരുടെ വാഹനത്തിനു പിന്നാലെയാണ് മുന്നോട്ടു നീങ്ങിയത്.
പള്ളിക്കലില്‍ എത്തുന്നതിനു മുമ്പായി കാറുകള്‍ നിര്‍ത്തി. നീല കാറില്‍ നിന്ന് ആള്‍ ഇറങ്ങി വെള്ളക്കാറിനു സമീപം എത്തി. ഈ സമയം മറ്റൊരു ബൈക്ക് കൂടി വേഗത്തില്‍ എത്തി. പന്തികേടു തോന്നിയതിനാല്‍ സ്ഥലത്ത് നിന്നും മുന്നോട്ടു പോയി പിന്നീട് സംഘത്തെ കണ്ടില്ല. സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായ വിവരം കണ്ടെത്താന്‍ കഴിയും...'' - പ്രതീഷ് കുമാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us