തേങ്ങയ്ക്കു വില 75; മൂന്നാഴ്ചയ്ക്കുള്ളില്‍ വര്‍ധിച്ചത് 25 രൂപ,  നവരാത്രി ദീപാവലി സീസണ്‍ ആരംഭിക്കാനിരിക്കെ വില വീണ്ടും ഉയര്‍ന്നേക്കും

കേരളത്തിലേക്കു വില്‍പ്പനയ്ക്കായി എത്തുന്ന തേങ്ങയില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നാണ്.

New Update
75757

കോട്ടയം: സമീപകാലത്തെ റെക്കോര്‍ഡ് കുതിപ്പില്‍ തേങ്ങാ വില. മൂന്നാഴ്ചക്കുള്ളില്‍ വര്‍ധിച്ചത് 25 രൂപയോളം.ഓണത്തിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ 45 രൂപയ്ക്കു വിറ്റ തേങ്ങയ്ക്കാണ് ഇപ്പോള്‍ ഈ പൊള്ളും വില. 

Advertisment

ഓരാഴ്ച മുമ്പ് വില 60 എത്തിയിരുന്നു. ഇപ്പോള്‍ 70 മുതല്‍ 75 രൂപയ്ക്കു വരെയാണു വിവിധ മാര്‍ക്കറ്റുകളില്‍ തേങ്ങ വിറ്റുപോകുന്നത്. സമീപകാലത്തെ റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലേക്കു വില്‍പ്പനയ്ക്കായി എത്തുന്ന തേങ്ങയില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങ വരവു കുറഞ്ഞതോടെയാണ് വില കുതിച്ചുയരുന്നത്. നവരാത്രി, ദീപാവലി സീസണ്‍ ആരംഭിക്കാനിരിക്കെ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണു വ്യാപാരികള്‍ നല്‍കുന്ന സൂചന.. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കേ തേങ്ങ വില വര്‍ധിക്കുന്നതു വലിയ തിരിച്ചടിയാകും. 

സീസണില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഇനങ്ങളിലൊന്നാണു തേങ്ങ. തേങ്ങ വില വര്‍ധിച്ചതോടെ സാധാരണക്കാരുടെ അടുക്കളയിലും ഹോട്ടലുകളിലും പ്രതിസന്ധി രൂക്ഷമാണ്. മിക്ക വിഭവങ്ങള്‍ക്കും തേങ്ങ കൂടുതലായി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. 

രോഗബാധ, പ്രതികൂല കാലാവസ്ഥ എന്നിവയെത്തുടര്‍ന്ന് നാളികേര കൃഷി കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണം. തെങ്ങു മാത്രമായി കൃഷി ചെയ്യുന്നവരുടെ എണ്ണം ചുരുക്കമാണ്. വീടിനോട് ചേര്‍ന്ന് ഒന്നോ രണ്ടോ തെങ്ങുകള്‍ മാത്രം കൃഷി ചെയ്യുന്നവരാണ് ഏറെയും. 

അത്യുത്പാദന ശേഷിയുള്ള പുതിയ ഇനം തെങ്ങിന്‍ തൈകളാണ് ഇവയില്‍ ഏറെയുമെങ്കിലും വളരെ വേഗം രോഗബാധയുണ്ടാകുന്നത് ഉത്പാദന നഷ്ടത്തിനു കാരണമാകുന്നുണ്ട്. നാട്ടില്‍ പലയിടങ്ങളിലും തെങ്ങുണ്ടെങ്കിലും ഇവിടെ നിന്നു കരിക്കു കൂടുതലായി കയറിപ്പോകുന്നതും തേങ്ങാ കുറയാന്‍ കാരണമായി. 

കരിക്ക് വില്‍പ്പനയാണു കര്‍ഷകര്‍ക്കു കൂടുതല്‍ ലാഭം. മികച്ച വില ലഭിക്കുമെന്നതിനൊപ്പം പരിചരണം കുറവു മതിയെന്നതും കരിക്കു വില്‍പ്പനയിലേക്കു തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു.

 

Advertisment