Advertisment

ജോലി സമയം കഴിഞ്ഞെന്ന്; പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ എട്ടുവയസുകാരനുമായി ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് ഡ്രൈവര്‍ വാഹനം നടുറോഡില്‍ ഇട്ട് ഇറങ്ങിപ്പോയി

മുളക്കുളം ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഥര്‍വിനാണ് പാമ്പ് കടിയേറ്റത്.

New Update
424242

ഗാന്ധിനഗര്‍: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ എട്ടുവയസുകാരനുമായി മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് വന്ന 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ വാഹനം നടുറോഡില്‍ ഇട്ട് ഇറങ്ങിപ്പോയി. 

Advertisment

കഴിഞ്ഞദിവസം രാത്രി മോനിപ്പള്ളിയിലാണ് സംഭവം. മുളക്കുളം ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഥര്‍വിനാണ് പാമ്പ് കടിയേറ്റത്. കലശലായ വേദനയും നീരും ഉണ്ടായതിനെത്തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ പിറവം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അവിടെവച്ചു ഡോക്ടര്‍ കുട്ടിയെ പരിശോധിക്കുകയും കുത്തിവയ്പ്പിനു നിര്‍ദേശിക്കുകയും ചെയ്തു. കുത്തിവയ്പ് എടുത്തു കഴിഞ്ഞപ്പോള്‍ കുട്ടിക്ക് ബോധക്ഷയമുണ്ടായി. 

ഉടന്‍ തന്നെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാനും വിദഗ്ധ ചികിത്സ തേടാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് അപ്പോള്‍ അവിടെയുണ്ടായിരുന്ന 108 ആംബുലന്‍സ് വിളിച്ച് കുട്ടിയുമായി മെഡിക്കല്‍ കോളജിലേക്കു പുറപ്പെട്ടു. കുട്ടിയോടൊപ്പം അമ്മ രമ്യയും അച്ഛന്‍ അജിയും ഉണ്ടായിരുന്നു. 

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി അവിടെനിന്നു പുറപ്പെട്ട് മോനിപ്പള്ളിയില്‍ എത്തിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ വാഹനം അവിടെ നിര്‍ത്തി. വാഹനം ഇവിടെ നിര്‍ത്താന്‍ എന്താണെന്നു കാരണമെന്ന് തിരക്കിയപ്പോള്‍ തന്റെ ജോലി സമയം കഴിഞ്ഞുവെന്ന മറുപടിയാണ് ഡ്രൈവര്‍ നല്‍കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഈ ഡ്രൈവര്‍ മറ്റൊരു ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 

കുട്ടിയെ ഐ.സി.എച്ച്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ  നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിക്കുകയും ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെ കുട്ടിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. രോഗലക്ഷണങ്ങളില്‍നിന്ന് മൂര്‍ഖന്‍ കടിച്ചതാണെന്നും കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. 

 

 

Advertisment