പാലാ: പാലാ ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്സില്‍ ഇപ്പോഴത്തെ താമസക്കാര്‍ ആക്രികച്ചവടക്കാര്‍..! വിവിധ സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളും തുരുമ്പെടുത്ത ഇരുമ്പ് വസ്തുക്കളും മറ്റ് ആക്രിസാധനങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്സിന്റെ കോമ്പൗണ്ടിലാണ്.
ആക്രികച്ചവടക്കാര്‍ ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്സ് കൈയേറിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. പാലാ ആര്‍.ഡി.ഒ.യ്ക്ക് താമസിക്കാന്‍ കാല്‍ നൂറ്റാണ്ട് മുമ്പാണ് ഇവിടെ റവന്യൂ വകുപ്പ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നത്. റിവര്‍ വ്യുറോഡില്‍ ആര്‍.വി. പാര്‍ക്കിന് എതിര്‍വശത്താണ് ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്.
ആദ്യകാലത്ത് മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു പാലായില്‍ ആര്‍.ഡി.ഒയായി ചുമതല വഹിച്ചിരുന്നത്. പിന്നീട് തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ ആര്‍.ഡി.ഒയായി വന്നപ്പോള്‍ ക്വാര്‍ട്ടേഴ്സ് ഉപയോഗിക്കാതെയായി. ഇതോടെ ഇവിടം അവഗണിക്കപ്പെട്ടു തുടങ്ങി.
ഇതോടെ നാടോടികളായ ആക്രികച്ചവടക്കര്‍ സ്ഥലത്ത് തമ്പടിക്കുകയായിരുന്നു. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് പണിത ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്സില്‍ ഇതേവരെ മൂന്ന് ആര്‍.ഡി.ഒ.മാരേ താമസിച്ചിട്ടുള്ളൂ. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ ക്വാര്‍ട്ടേഴ്സ് അടഞ്ഞുകിടക്കുകയാണ്.
കാടും പടലും കയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി ഇവിടം മാറിയിരുന്നു. ആര്‍.ഡി.ഒ. ക്വാര്‍ട്ടേഴ്സ് റവന്യൂ വകുപ്പിന് വേണ്ടെങ്കില്‍ തങ്ങള്‍ ഏറ്റെടുത്തുകൊള്ളാമെന്ന് പാലാ നഗരസഭാ അധികൃതര്‍. രേഖാമൂലംതന്നെ അവര്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെയും റവന്യു വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.