കോട്ടയം: ഇതു റമ്പൂട്ടാന്‍ വിളവെടുപ്പു കാലം, ശക്തമായ മഴയില്‍ വിളവെത്തും മുമ്പേ കായ്കള്‍ കൊഴിഞ്ഞു വീണത് റമ്പൂട്ടാന്‍ കര്‍ഷകര്‍ക്കു കനത്ത നഷ്ടം വരുത്തിവയ്ക്കുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിപ്പ ഭീതിയും റമ്പൂട്ടാന്റെ ജനപ്രീതി കുറച്ചിട്ടുണ്ട്.
വില്‍പ്പനയ്ക്കായി കടകളില്‍ എത്തിച്ചിട്ടും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ആവശ്യക്കാര്‍ നന്നേ കുറഞ്ഞുവെന്നു വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ആവശ്യക്കാരിലും ഗണ്യമായ കുറവുണ്ടായി.
എന്നാല്‍, വിപണിയില്‍ എത്തുന്ന റമ്പൂട്ടാനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. റമ്പൂട്ടാന്‍ കായ്കള്‍ വിളവെത്തും മുമ്പേ മരങ്ങള്‍ വലയിട്ടു നിറുത്തിയതിനാല്‍ നിപയെ സംബന്ധിച്ച് ആശങ്ക വേണ്ട.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലെ മലയോര മേഖലകളിലാണ് റമ്പൂട്ടാന്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. റബര്‍ കൃഷി നഷ്ടം നേരിട്ടതേടെ കര്‍ഷകര്‍ റബര്‍ മരങ്ങള്‍ വെട്ടി മാറ്റി റമ്പൂട്ടാന്‍ വച്ചു പിടിപ്പിക്കുകായിരുന്നു. മുന്‍ വര്‍ഷങ്ങളിലും മികച്ച വിലയാണ് റമ്പൂട്ടാന് ലഭിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്തുന്നവരും ഏറെയാണ്. വര്‍ഷത്തിലൊരിക്കലാണു വിളവെടുപ്പെങ്കിലും വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുന്നതു റമ്പൂട്ടാന്‍ കൃഷിയിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.
ഇക്കുറിയും കച്ചവടക്കാര്‍ മരങ്ങള്‍ നോക്കി വിലപറയാന്‍ എത്തുന്നുണ്ട്. തുടക്കത്തില്‍ ആവശ്യക്കാര്‍ കുറവാണെങ്കിലും വരും ദിവസങ്ങളില്‍ ആവശ്യക്കര്‍ വര്‍ധിക്കുമെന്നും വിപണിയില്‍ നിന്നു നല്ല വില ലഭിക്കുമെന്നാണു പ്രതീക്ഷ. ഇത്തവണ മരങ്ങള്‍ കൂടുതലുണ്ടെങ്കിലും കായ്ഫലം കുറവാണെന്നു കച്ചവടക്കാര്‍ പറയുന്നു. മഴയില്‍ വിളവെത്തുന്നതിനു മുന്‍പേ കൊഴിഞ്ഞു പോയതാണു തിരിച്ചടിയായത്.
ഫലം കുറയുമെങ്കിലും വില കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ ലഭിക്കുമെന്നതു കര്‍ഷകര്‍ക്കു പ്രതീക്ഷയാണ്. റമ്പൂട്ടാന്‍ വിളവെടുപ്പു കാലം എത്തുന്നതോടെ മൊത്തക്കച്ചവടക്കാര്‍ എത്തി കായ്ഫലം നോക്കി വില പറയുകയാണു രീതി. പിന്നീട് വലയിട്ടു സംരക്ഷിക്കും.
വിളവെടുപ്പുകാലത്തു കിലോയ്ക്ക് 150 മുതല്‍ 200 രൂപവരെ വിപണിയില്‍ വിലയുണ്ടാകും. വലിപ്പമുള്ളതും കുരുവില്‍ നിന്നു പെട്ടെന്ന് അടര്‍ത്തിയെടുക്കാവുന്നതുമായ എന്‍ 18 വിഭാഗത്തില്‍പ്പെട്ട റമ്പൂട്ടാന്‍ പഴത്തിനാണു പ്രിയം. ഇവ തൂക്കത്തിലും മികച്ചു നില്‍ക്കും. തൈകള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെ പരിചരണം ആവശ്യമുണ്ടെന്നതൊഴിച്ചാല്‍ രോഗ, കീടബാധ ഏറെയില്ലെന്നും കര്‍ഷകര്‍ പറയുന്നു.