തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി വായ്പ നല്‍കുന്ന പരസ്യം നല്‍കി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പഴഞ്ഞി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ട് 50 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടു. വായ്പയുടെ നടപടിക്രമങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു അടുത്ത ആവശ്യം. പിന്നാലെ പണം നല്‍കി. പിന്നീട് 50 ലക്ഷം രൂപ നല്‍കാതെ പ്രതി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരന്‍ പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ സമാന തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.