കോട്ടയം: വരുന്നതു ചൂടുകാലം... വാഹനങ്ങള്‍ക്കു കൃത്യമായ മെയിന്റനന്‍സ് ഇല്ലെങ്കില്‍ തീ പിടിക്കാനുള്ള സാധ്യതയേറെ. ഇന്നലെ ഹൈദരാബാദിനടുത്ത് ഖട്കേസറില്‍ യുവാവും യുവതിയും കാറിനു തീ പിടിച്ച് വെന്തുമരിച്ചിരുന്നു. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. കാറില്‍ കുടുങ്ങിയ ഇരുവര്‍ക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.
കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 10.45നായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും തലനാരിഴയ്ക്കാണു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
എറണാകുളം മരട് കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ വച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ ബൈക്കിനു പിന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ബൈക്ക് നിര്‍ത്തി ഉടനെ ഇറങ്ങുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. മിനിറ്റുകള്‍ക്കകം തീ പടര്‍ന്ന് വാഹനം പൂര്‍ണമായി കത്തിനശിച്ചു.
റോഡപകടങ്ങള്‍ക്കു പിന്നാലെ വാഹനങ്ങള്‍ക്ക് തീപടരുന്ന സംഭവങ്ങള്‍ പതിവായത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് വാഹനത്തിന് തീപിടിക്കാന്‍ പല കാരണങ്ങളുണ്ട്. ഇത്തരം തീപിടിത്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും അവര്‍ പറയുന്നു.
എന്‍ജില്‍ ഓയിലിന്റെ ചോര്‍ച്ചയും ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഓയില്‍ ചോര്‍ച്ചയുണ്ടായാലും വാഹനം അമിതമായി ചൂടാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ അമിതമായി ചൂടാകുന്നതും തീപിടുത്തമുണ്ടാകാന്‍ കാരണമാകും. എന്‍ജിന്‍ ഓയിലിന്റെ അളവ് കുറഞ്ഞാലും ചൂടാകും. നിര്‍ത്താതെ വാഹനമോടിക്കുന്നത് എന്‍ജിന് തകരാറു സംഭവിക്കാന്‍ കാരണമാകും.
ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൗന്ദര്യം കൂട്ടിയേക്കും. പക്ഷേ, ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിങ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനു വഴിതെളിക്കും. ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. അതുപോലെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സര്‍ക്യൂട്ടിനു കാരണമാകാം.
അപകടങ്ങള്‍ തടയാന്‍, എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്, വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്, ചിലപ്പോഴൊക്കെ വാഹനത്തില്‍നിന്നു പ്ലാസ്റ്റിക് അല്ലെങ്കില്‍ റബര്‍ കത്തിയ മണം വരും, ഇത് അവഗണിക്കരുത്. വാഹനം നിര്‍ത്തി എന്‍ജിന്‍ ഓഫാക്കി വാഹനത്തില്‍ നിന്നിറങ്ങി ദൂരെമാറിനിന്ന് സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക. അനാവശ്യ മോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതല്‍ സ്വീകരിക്കാം.