ഇടുക്കി: ലഹരി പാര്‍ട്ടി പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനു നേരേ ആക്രമണം. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഓടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേര്‍ക്ക് വീണു പരിക്കേറ്റു.
വാഴവര പാറയ്ക്കല്‍ നന്ദു സണ്ണി (26), കട്ടപ്പന ഗോഡൗണ്‍ ഭാഗം പൂവത്തുംമൂട്ടില്‍ ശ്രീജിത് ശശി (22), വാഴവര പുതുശേരികുടിയില്‍ അജിത് സുരേന്ദ്രന്‍ (29), വാഴവര നിര്‍മലാ സിറ്റി വിരിപ്പില്‍ വിഷ്ണു സുകു (25), മുളകര മേട് പൂവത്തുംമൂട്ടില്‍ ഷിബിന്‍ ശശി (26), സഹോദരന്‍ ഷിജന്‍ (24), വാഴവര നിര്‍മലാ സിറ്റി വിരിപ്പല്‍ വിനീഷ് (25) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി കട്ടപ്പന കല്യാണത്തണ്ട് എകെജി പടിയിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാരാണ് ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധനയ്ക്കു പോയത്.
രണ്ടുപേര്‍ മഫ്തിയിലും രണ്ടുപേര്‍ യൂണിഫോമിലുമായിരുന്നു. പോലീസ് എത്തുമ്പോള്‍ വീടു കേന്ദ്രീകരിച്ച് ഉച്ചത്തില്‍ പാട്ടു വച്ച് ലഹരി പാര്‍ട്ടി നടക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസാണെന്ന് പറഞ്ഞതോടെ ഇവര്‍ക്കു നേരെ യുവാക്കള്‍ ആക്രമണം നടത്തുകയായിരുന്നു.