ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു

2004 ഒക്ടോബര്‍ 31ന് തലശേരിയിലെ മൊയ്തു പാലത്തിനടുത്ത് വച്ചാണ് സുരേശന്‍ ആക്രമിക്കപ്പെട്ടത്.

New Update
242424

കണ്ണൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതര  പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ കണ്ടോത്ത് സുരേശന്‍ (66) മരിച്ചു.

Advertisment

വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഒമ്പത് മണിവരെ കൂടക്കടവ് കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിലും തുടര്‍ന്ന് 11 മണിവരെ എളവനയിലെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.

2004 ഒക്ടോബര്‍ 31ന് തലശേരിയിലെ മൊയ്തു പാലത്തിനടുത്ത് വച്ചാണ് സുരേശന്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുരേശന്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 

കടക്കടവ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവെയാണ് അന്ത്യം. ആക്രമണത്തില്‍ പരിക്കേറ്റ് നെഞ്ചിനുതാഴെ ചലനമറ്റെങ്കിലും ശാരീരിക അവശതകള്‍ക്ക് കീഴടങ്ങാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 

ആക്രമണത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യം കാരണം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കാറിലായിരുന്നു യാത്ര ചെയ്തത്. ആക്രമണം നടക്കുന്ന സമയത്ത് മുഴപ്പിലങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവും കൂടക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു സുരേശന്‍.

തലശ്ശേരി പച്ചക്കറി മാര്‍ക്കറ്റില്‍ തന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയിലെത്തി ജോലി നിര്‍വഹിച്ച് വരികെയാണ് സുരേശന്‍ ആക്രമണത്തിനിരയായത്. ദീര്‍ഘ കാലത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കെയാണ് അന്ത്യം.

പരേതരായ ഗോവിന്ദന്‍ - കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ശൈലജ. മക്കള്‍: ജിഷ്ണ (മുഴപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക്) ജിതേഷ് (ഗള്‍ഫ്).

Advertisment