കോട്ടയം: നിരത്തില്‍ ജനങ്ങളുടെ കാലനായി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍, മന്ത്രയുടെ നിര്‍ദേശമുണ്ടായിട്ടും അപകടങ്ങള്‍ കുറയുന്നില്ല. 3000 ബസ് ഓടുന്ന കെ.എസ്.ആര്‍.ടി.സിയേക്കാള്‍ വളരെകുറച്ച് സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല.
അപകടകരമായ ഡ്രൈവിങ് മറ്റു വാഹന യാത്രക്കാരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയാണുള്ളത്. ഏറ്റവും ഒടുവില്‍ ഇന്നു പുലര്‍ച്ചെ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു വയസുകാരിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ്. തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്.
ഗുഡ്‌സ് ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. നൂറാ ഫാത്തിമയുടെ പിതാവ് ഉനൈസ്, മാതാവ് റൈഹാനത്ത് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സ്വിഫ്റ്റ് ബസുകള്‍ ഓടിയത്തുടങ്ങിയ കാലം മുതല്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങും മോശം പെരുമാറ്റങ്ങളേക്കുറിച്ചും പരാതി ഉയരാന്‍ തുടങ്ങിയതാണ്. ഒരു ഘട്ടത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തന്നെ സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പരസ്യമായി താക്കീതു നല്‍കുകയും ചെയ്തു.
എന്നാല്‍, മന്ത്രിയുടെ വാക്കിന് പുല്ലുവിലയാണ് സ്വിഫ്റ്റിലെ ജീവനക്കാര്‍ നല്‍കുന്നതെന്നതിന് തെളിവാണ് ആവര്‍ത്തിച്ചുള്ള അപകടങ്ങളും പരാതികളും. ബഹുഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാരും അപകടകരമായ ഡ്രൈവിങ്ങാണ് നടത്തുന്നതെന്ന ആഷേപം മന്ത്രി തന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു.
പലപ്പോഴും ചെറു വണ്ടികകളെ അപകടപ്പെടുത്തുന്ന തരത്തിലാണ് ബസ് ഓടിക്കാറുള്ള്ത്. അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വരിതെറ്റിച്ച് വാഹനം ഓടിക്കുക തുടങ്ങി ഇക്കൂട്ടര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ ഏറെയാണ്. സ്വിഫ്റ്റിനേക്കള്‍ വേഗത്തില്‍പോകുന്ന മിന്നല്‍ ബസുകള്‍ പോലും ഇത്രയും അപകടങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.