തിരുവനന്തപുരം: വയനാട് ദുരന്തം നടന്ന് എട്ടുമാസമായിട്ടും ദുരിതബാധിതരുടെ ലിസ്റ്റ് തയാറാക്കാനായില്ലെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
നിലവിലെ പട്ടിക അപൂര്‍ണമാണ്. പുതിയത് തയാറാക്കണം. വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി. പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ചില്ല.
എന്നാല്‍, ദുരന്തബാധിതര്‍ക്കു ജീവനോപാധികളും പൊതുകൃഷിസ്ഥലവും ഒരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു?.
ദുരിതബാധിതര്‍ക്ക് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഫീസിന് എന്ത് സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്? ദുരന്തബാധിതര്‍ക്കുള്ള പ്രതിദിന അലവന്‍സ് 300 രൂപ മൂന്നു മാസം കഴിഞ്ഞ് നിര്‍ത്തി.
കേന്ദ്രം സഹായിച്ചില്ലെങ്കില്‍ പകരം പദ്ധതി സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. മന്ത്രിസഭയ്ക്ക് പ്രത്യേക തീരുമാനമെടുക്കാമായിരുന്നു. വയനാടിനോട് കേന്ദ്രം കാട്ടിയതു ക്രൂരമായ അവഗണനയാണ്. ഔദാര്യമായി വായ്പ തന്നത് തെറ്റാണ്. ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.