/sathyam/media/media_files/Ze3ryUKp7KafI2vHd6hs.jpg)
ആലപ്പുഴ: യു.പി. സ്‌കൂളിലെ ഓണാഘോഷത്തിനു മുമ്പ് ഷാപ്പില്‍നിന്ന് കള്ളുവാങ്ങിക്കുടിച്ച വിദ്യാര്‍ഥിയെ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കുമാറ്റി. സംഭവത്തില്‍ ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജര്‍ മോഹനനെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. ലൈസന്‍സികളായ ചന്ദ്രപ്പന്‍, രമാദേവി, അശോകന്‍, എസ്. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. ഷാപ്പിന്റെ ലൈസന്‍സും റദ്ദാക്കി.
13ന് പള്ളിപ്പുറം, തൈക്കാട്ടുശേരി ഭാഗങ്ങളിലായാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാലു കുട്ടികള്‍ക്ക് ജീവനക്കാര്‍ പണംവാങ്ങി കള്ളുകൊടുത്തെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളുകുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവര്‍ സ്‌കൂളിലെത്തി. തുടര്‍ന്ന് സ്‌കൂളിലെ ശൗചാലയത്തില്‍ വച്ചും കുടിച്ചു.
അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us