തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടുകള്‍ ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു.
ഓഗസ്റ്റ് രണ്ടിന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പുഷ്പനെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1994 നവംബര്‍ 25ന് നടന്ന കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാനെത്തിയ സമരക്കാര്‍ക്കു നേരെയായിരുന്നു പോലീസ് വെടിവയ്പ്പ്.
കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട 24കാരനായിരുന്ന പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണ് പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്ക് തളര്‍ന്നുപോയ പുഷ്പന്‍ അന്നു മുതല്‍ കിടപ്പിലായിരുന്നു.
പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത, ജാനു, പ്രകാശന്‍.