Advertisment

നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി;  മൈനാഗപ്പള്ളി അപകടത്തില്‍ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

New Update
7474747

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറ്റി മൈനാഗപ്പള്ളി പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

Advertisment

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. ശ്രീക്കുട്ടിക്കെതിരേ നരഹത്യാക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍ സ്വയം കാര്‍ മുന്നോട്ട് എടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികള്‍ മദ്യപിച്ചതിന്റെ വൈദ്യപരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. അപകടത്തെ രണ്ടായി കാണണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് ഒന്നാം പ്രതി കാര്‍ മുന്നോട്ട് എടുത്തെതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ വീട്ടുകാര്‍ക്കായി ഹാജരായ അഭിഭാഷകനും ശ്രീക്കുട്ടിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയാസും പ്രതിക്കുവേണ്ടി അഭിഭാഷകരായ സി. സജീന്ദ്രകുമാര്‍, ലിഞ്ജു സി. ഈപ്പന്‍, സിനി പ്രദീപ്, ആതിര കൃഷ്ണന്‍, വിഷ്ണുപ്രിയ, ലക്ഷമി കൃഷ്ണ, ആര്യ കൃഷ്ണന്‍ എന്നിവരും കുഞ്ഞുമോളുടെ വീട്ടുകാര്‍ക്കു വേണ്ടി അനുപ് കെ ബഷീര്‍, സുരേഷ് കണിച്ചേരി എന്നിവരും ഹാജരായി. നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്. 

കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 15ന് വൈകുന്നേരം 5.45ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവിലായിരുന്നു അപകടം.

 

Advertisment