ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് താഴെ കുറ്റിയാലപ്പുഴ റിസോര്‍ട്ടിന് സമീപം റോഡിന്റെ മുകള്‍വശത്തുനിന്നും വലിയ പാറ കല്ല് റോഡിലേക്ക് വീണു.
ഈ സമയത്ത് വാഹനങ്ങള്‍ റോഡില്‍ ഇല്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കൂറ്റന്‍ കല്ലു റോഡില്‍ പതിച്ചു പലകഷ്ണങ്ങളായി ചിന്നിച്ചിതറി. ഇതോടെ റോഡില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി.
തുടര്‍ന്ന് യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ മോഹന്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ റോഡിലെ കല്ലുകള്‍ മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ നവംബറിലും സമാനമായ രീതിയില്‍ റോഡിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണിരുന്നു. വേലത്തുശേരിക്ക് സമീപമാണ് റോഡിലേക്ക് അന്ന് വലിയ പാറക്കല്ല് ഉരുണ്ട് വീണത്. പാറക്കല്ലിന് എട്ടടിയോളം ഉയരമുണ്ടായിരുന്നു. ഇതിനു സമാനമായ അപകടമാണ് ഇന്നു നടന്നത്.