കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച പ്രതി പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിറാ(28)ണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി ആറരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മുഹമ്മദ് ജാബിര്‍ മോഷ്ടിച്ചത്. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവയ്ക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമില്‍ നിന്ന് കടന്നുകളയുകയായിരുന്നു.