തിരുവനന്തപുരം: ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌ക്കനെ മര്‍ദിച്ച് അവശനാക്കിയ നാലംഗ സംഘം അറസ്റ്റില്‍.
ബാലരാമപുരം നെല്ലിവിള സ്വദേശികളായ സച്ചിന്‍ (25), അഖില്‍ (22), ബാലരാമപുരം തേരിവിള വീട്ടില്‍ വിജിത്ത് (24), ഉച്ചക്കട രേവതി നിവാസില്‍ ശ്യാം ലാല്‍ (22) എന്നിവരെയാണ് പാറശാല പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയില്‍ ദേശീയപാത ഉദിയന്‍കുളങ്ങരയിലാണ് സംഭവം. മദ്യലഹരിയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ഉദിയന്‍കുളങ്ങര ജംഗ്ഷന് സമീപം റോഡില്‍ അഭ്യാസ പ്രകടനം നടത്തി.
ഈ സമയം ഇവിടെയെത്തിയ പ്രഭുകുമാര്‍ മുന്നിലേക്ക് കടക്കാന്‍ സാധിക്കാതെ വന്നതോടെ ബൈക്കിന്റെ ഹോണ്‍ മുഴക്കി. ഇതോടെ നാലംഗ സംഘം പ്രഭുകുമാറുമായി തര്‍ക്കമുണ്ടാകുകയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.