തിരുവനന്തപുരം: ഒഴുക്കില്‍പ്പെട്ട് ശുചീകരണത്തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം തങ്ങള്‍ തള്ളുന്നതല്ലെന്ന വിശദീകരണവുമായി റെയില്‍വേ.നഗരപരിധിയിലെ മാലിന്യമാണ് റെയില്‍വേ ഭൂമിയിലേക്ക് ഒഴുകി എത്തുന്നതെന്ന് ഡി.ആര്‍.എം. (ഡിവിഷണല്‍ റെയില്‍വേ മാനേജര്‍) പറഞ്ഞു.
മാലിന്യ നീക്കത്തിന് സംയുക്ത പദ്ധതിയുമായി സര്‍ക്കാര്‍ വന്നാല്‍ സഹകരിക്കാന്‍ തയാറാണ്. ആമയിഴഞ്ചാന്‍ തോട്ടിന് 12 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതില്‍ 117 മീറ്റര്‍ ദൂരം മാത്രമാണ് റെയില്‍വേയുടെ ഭൂമിയിലൂടെ കടന്നുപോകുന്നത്.
മാലിന്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല. റെയില്‍വേ സ്വന്തം നിലയിലോ റെയില്‍വേ സ്റ്റേഷനില്‍ വച്ചോ തോട്ടിലേക്ക് മാലിന്യം എറിയുന്നില്ല. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ കാമറകളും ഫെന്‍സിങ്ങും സ്ഥാപിച്ചിട്ടുണ്ട്.
അതുകൊണ്ട് മാലിന്യം തോട്ടില്‍ എറിയുന്നത് അത്ര എളുപ്പമല്ല. മാലിന്യം റെയില്‍വേ ഭൂമിയിലെ തുരങ്ക കനാലില്‍ ആണെങ്കിലും ഒഴുകിയെത്തുന്നത് നഗരപരിധിയില്‍ നിന്നാണ്. അതുകൊണ്ട് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്.
അതേസമയം റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കം ചെയ്യാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്. അതിന് റെയില്‍വേ നടപടികള്‍ സ്വീകരിക്കും. മാലിന്യനീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ സംയുക്ത പരിപാടി മുന്നോട്ടു വയ്ക്കുകയാണെങ്കില്‍ സഹകരിക്കാന്‍ തയാറാണ്.
ജോയിയുടെ അപകടം എങ്ങനെയുണ്ടായെന്ന് പഠിക്കാനായി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും ഡി.ആര്‍.എം. മനീഷ് ധപ്ളിയാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോയി മരിക്കാനിടയായത് റെയില്‍വേയുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൃത്യമായി റെയില്‍വേ മാലിന്യനീക്കം നടത്തിയിരുന്നുവെങ്കില്‍ ജോയിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നാണ് ആക്ഷേപമുയര്‍ന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലും മാലിന്യനീക്കം സംബന്ധിച്ച് റെയില്‍വേയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ വിശദീകരണം.