/sathyam/media/media_files/2024/12/17/ShYEa4r8ZLBZiijHfoKD.jpg)
കോഴഞ്ചേരി: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയ പ്രതി 11 വര്‍ഷത്തിനുശേഷം പിടിയില്‍. അയിരൂര്‍ തീയാടിക്കല്‍ കടമാന്‍ കോളനിയില്‍ സിന്ധു (36) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് ടി.ആര്‍. രാജീവി(49)നെ കോയിപ്രം പോലീസ് പിടികൂടിയത്.
2010 നവംബര്‍ ഒന്നിന് പകലായിരുന്നു സംഭവം. ഇയാളുടെ അമിത മദ്യപാനം ചോദ്യം ചെയ്ത സിന്ധുവിനെ ഇയാള്‍ മര്‍ദിക്കുകയും തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയവര്‍ സിന്ധുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു.
സംഭവത്തില്‍ രാജീവിനെ പോലീസ് ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോടതി ജാമ്യം നല്‍കിയ പ്രതി 2013ല്‍ വിചാരണയുടെ അവസാന ഘട്ടത്തില്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന്
രാജേഷ് കൊട്ടാരക്കര എന്ന പേരില്‍ ഇയാള്‍ പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു.
ബംഗളൂരുവില്‍ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തുവന്ന ഇയാളെക്കുറിച്ച് 2023ല്‍ വിവരം ലഭിച്ച പോലീസ് അന്നവിടെ എത്തിയെങ്കിലും പ്രതി കടന്നുകളഞ്ഞു. തുടര്‍ന്ന് കണ്ണൂരില്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു വരുകയായിരുന്നു. അതിനിടെ കൊട്ടാരക്കര സ്വദേശിനിയോടൊപ്പം താമസിക്കാന്‍ തുടങ്ങി.
കൊട്ടാരക്കരയിലെ ഇവരുടെ വീട്ടിലേക്ക് ഇയാള്‍ എത്തുന്നുണ്ടെന്ന വിവരം ഷാഡോ പോലീസ് മനസിലാക്കി. കഴിഞ്ഞ ദിവസം കൊട്ടാരക്കര എത്തിയ ശേഷം പയ്യന്നൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ മടങ്ങുന്ന വിവരമറിഞ്ഞ പോലീസ് സംഘം തിങ്കളാഴ്ച രാവിലെ തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us