ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറെ നാളുകളായി വീടിനുള്ളില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇവരുടെ മാനസികനില മോശമായ അവസ്ഥയിലായിരുന്നു. നിരവധി തവണ കൗണ്‍സലിംഗ് നല്‍കി മാനസികനില വീണ്ടെടുത്തതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി നീതിഷിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയും വിജയന്റെ മകനുമായ വിഷ്ണുവിന്റെ അറസ്റ്റും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ വിജയന്റെ ഭാര്യയുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചു. ഭാര്യയെയും പലതവണ ചോദ്യം ചെയ്തു. നിതീഷിന്റെ നിര്‍ദ്ദേശ പ്രകാരം വര്‍ഷങ്ങളായി വീടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്നതിനാല്‍ ഇവരുടെ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു. നിരവധി തവണ കൗണ്‍സിലിംഗ് നല്‍കിയാണ് ഇവരുടെ മാനസിക നിലയില്‍ പുരോഗതിയുണ്ടാക്കിയത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.