കോട്ടയം: പക്ഷിപ്പനി തുരത്താനുള്ള പ്രതിരോധനത്തില്‍ സവത്ര ആശയക്കുഴപ്പം. ഉപജീവനം നഷ്ടപ്പെടുന്ന കര്‍ഷര്‍കര്‍ക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന ആവശ്യം ഉയരുന്നു.
കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലാണു നിയന്ത്രണം. മൂന്നു താലൂക്കുകളിലും ഡിസംബര്‍ 31 വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണം കടുപ്പിച്ചാല്‍ മൂന്നു താലൂക്കുകളിലെ ഇറച്ചിക്കോഴി, താറാവ് വില്‍പ്പന നിലയ്ക്കും.
അതേസമയം തമിഴ്‌നാട്ടില്‍ നിന്നും അന്യ താലൂക്കുകളില്‍ നിന്നും ഇറച്ചിക്കോഴികളെയും താറാവുകളെയും വ്യാപകമായി ജില്ലയിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍, നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ പുതിയത് എത്തിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിലപാട്.
ഈ മൂന്നു താലൂക്കുകളിലുള്ള കോഴികളെയും താറാവുകളെയും ഇതേ താലൂക്കുകളില്‍ വില്‍ക്കാം, എന്നാല്‍,പുറത്തേക്കു കൊണ്ടുപോകാന്‍ കഴിയില്ല. ഇറച്ചിക്കോഴി വിപണത്തിനു നിരോധനം വന്നാല്‍, പ്രതിസന്ധി രൂക്ഷമാകുമെന്നു ഹോട്ടല്‍, തട്ടുകട ഉടമകള്‍ പറയുന്നു. മൂന്നു താലൂക്കുകളിലായി കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ചുരുക്കമാണ്.
മാത്രമല്ല, ഇത്തരം കേന്ദ്രങ്ങളിലേക്കു കുഞ്ഞുങ്ങളെ എത്തിക്കുന്നത് അന്യസ്ഥലങ്ങളില്‍ നിന്നാണ്. ഇതോടെ വില്‍പ്പനയും പൂര്‍ണമായും നിലയ്ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇറച്ചിക്കോഴി പോലെ താറാവ്, മുട്ട വില്‍പ്പനയിലും നിയന്ത്രണം വന്നേക്കും. എന്നാല്‍, കഴിക്കാനുള്ള ആവശ്യത്തിനു മുട്ട കൊണ്ടുവരുന്നതിനു നിയന്ത്രണം ഇല്ലെന്നും വിരിയിക്കാനായി കൊണ്ടുവരാന്‍ കഴിയില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു.
ഫ്രോസണ്‍ ചിക്കന്‍ കൊണ്ടുവരാന്‍ അനുമതിയുള്ളതിനാല്‍ ഹോട്ടലുകളുടെ പ്രവര്‍നത്തനത്തെ ബാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഫലത്തില്‍ കൊന്നു പായ്ക്കറ്റിലാക്കി കൊണ്ടുവന്നാല്‍ തടയാനാകില്ല. കഴിഞ്ഞ രണ്ടിനു വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതുവരെ നിരോധനം പൂര്‍ണമായി പ്രാവര്‍ത്തികമായിട്ടില്ല.
ഗതാഗത വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനമായതോടെ വരും ദിവസങ്ങളില്‍ നടപടി ശക്തമാക്കാനാണു മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.
അതേ സമയം നിരോധനത്തോടെ ഉപജീവനം നഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. നിരവധി കുടുംബങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. നിരോധനത്തോടെ ഇവരുടെ വരുമാന മാര്‍ഗം നിലയ്ക്കുന്ന അവസ്ഥയാണ്. തുടര്‍ച്ചയായി പക്ഷിപ്പനിയെത്തുടര്‍ന്ന് നഷ്ടവും സാമ്പത്തിക ബാധ്യതയും നേരിട്ട കര്‍കര്‍ക്ക് ഇരുട്ടടിയാണ് സര്‍ക്കാര്‍ തീരുമാനം.