കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാല നിര്‍മാണം വൈകരുതെന്ന് ആവശ്യം, ടെണ്ടര്‍ നടപടികള്‍ അതിവേഗം ആരംഭിക്കണം; കുറുപ്പന്തറ റെയില്‍വേ ഗേറ്റിലെ സിഗ്നല്‍ തകരാറിലാകുന്നത് ആവര്‍ത്തിക്കുന്നു

റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇതുവരെയും നടപടിയായില്ല.

New Update
c1a6ef3a-9032-4ed0-bc80-6561aa94979f

കോട്ടയം: കുറുപ്പന്തറ റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാണ്‍ കുറപ്പന്തറ റെയില്‍വേ മേല്‍പ്പലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ള്‍ അതിവേഗം ആരംഭിക്കണമെന്നു ആവശ്യം. 

Advertisment

കുറുപ്പന്തറ റെയില്‍വേ ഗേറ്റിലെ സിഗ്നല്‍ ഇന്നലെയും തകരാറിലായിരുന്നു. ഇതോടെ കുറുപ്പന്തറ-കല്ലറ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ ഗേറ്റിന് ഇരുവശവും എത്തിയ വാഹനങ്ങള്‍ മറ്റു വഴികളിലൂടെ കിലോമീറ്റര്‍ ചുറ്റി പോകേണ്ടിവന്നു. 

റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇതുവരെയും നടപടിയായില്ല, കുറവിലങ്ങാട് - ആലപ്പുഴ മിനി ഹൈവേയില്‍ റെയില്‍വേ ക്രോസിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് മേല്‍പ്പാല ആശയം മുന്നോട്ടുവന്നത്. മീനച്ചില്‍, വൈക്കം താലൂക്കുകളുടെ ഹൃദയഭാഗത്താണ് കുറുപ്പന്തറ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

മേല്‍പ്പാലം വരുന്നതോടെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഭരണങ്ങാനം പള്ളി, കുറവിലങ്ങാട് പള്ളി, ആദിത്യപുരം സൂര്യക്ഷേത്രം എന്നിവിടങ്ങളിലേക്ക് വരുന്ന നൂറുകണക്കിന് തീര്‍ത്ഥാടകര്‍ക്ക് എളുപ്പമാര്‍ഗമായി ഇതുമാറും.

ചേര്‍ത്തല, ആലപ്പുഴ തുടങ്ങിയ മേഖലയില്‍ നിന്ന് പാലാ, മൂവാറ്റുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേക്ക് പോകാനും എളുപ്പമാര്‍ഗമാണിത്. 2018ല്‍ കിഫ്ബിയില്‍ നിന്നു സ്ഥലം ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനും സര്‍ക്കാര്‍ 30.56 കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജി.എ.ഡി. സമര്‍പ്പിക്കുകയും (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തു.

മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി റവന്യൂ വകുപ്പ് ഏറ്റെടുത്ത എല്ലാസ്ഥലങ്ങളും ഭൂമിയുടെ മഹസര്‍ തയ്യാറാക്കിയ രേഖകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയിരുന്നു. ഇനി തുടര്‍ നടപടികള്‍ ഉണ്ടാകാന്‍ കാലതാമസം ഉണ്ടാകരുതെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Advertisment