വലിയ കണക്കുകള്‍ കാണിച്ച് സര്‍ക്കാര്‍ സന്നദ്ധപ്രവര്‍ത്തകരെ അപഹസിക്കുകയാണ്, മുഴുവന്‍ മൃതദേഹങ്ങളും സംസ്‌കരിച്ചത് വൈറ്റ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ്, അതിനൊന്നും നയാപൈസ കൈപ്പറ്റിയിട്ടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

ജനങ്ങള്‍ക്ക് വസ്തുതകള്‍ അറിയാന്‍ അവകാശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി. 

New Update
5353535

മലപ്പുറം: കേരളം ഒരുമിച്ചുനിന്ന് അതിജീവിച്ച ദുരന്തത്തിന്റെ ചെലവ് കണക്കില്‍ വ്യക്തത വേണമെന്നും ജനങ്ങള്‍ക്ക് വസ്തുതകള്‍ അറിയാന്‍ അവകാശമുണ്ടെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. 

Advertisment

വലിയ കണക്കുകള്‍ കാണിച്ചുകൊണ്ട് സര്‍ക്കാര്‍ സന്നദ്ധപ്രവര്‍ത്തകരെ അപഹസിക്കുകയാണ്. വയനാട് ദുരന്തത്തില്‍ കണ്ടെടുത്ത മുഴുവന്‍ മൃതദേഹങ്ങളും സംസ്‌കരിച്ചത് വൈറ്റ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ്. 

അതിനൊന്നും ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ല. എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീര്‍ത്ത സന്നദ്ധപ്രവര്‍ത്തകരെ വീണ്ടും ഇങ്ങനെ അപഹസിക്കുന്നത് എന്തിനാണ്? ആളുകളെ തിരയാനും അതിജീവിച്ചവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കൈയ്യില്‍ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവര്‍ക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചെലവഴിച്ചതായി സര്‍ക്കാരിന്റേതായി കാണുന്നത്. 

കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാന്‍ സര്‍വ്വം ത്യജിച്ച് ചേര്‍ന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമര്‍പ്പണത്തെ വച്ച് മുതലെടുപ്പ് നടത്തുകയാണോ സര്‍ക്കാര്‍ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ അത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment