പത്തനംതിട്ട: കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള വിരോധത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം മക്കളുമായി കടന്നുകളഞ്ഞു. കോട്ടമല ഓലിക്കല്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി(28)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവര്‍
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി വിവിലി(30)നാണ് എട്ടും മൂന്നും വയസുള്ള കുട്ടികളുമായി പോയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.
മൈലപ്ര കോട്ടമലയില്‍ തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം. വര്‍ഷങ്ങളായി തിരുവനന്തപുരത്തായിരുന്നു അശ്വതിയും വിവിലും താമസിച്ചിരുന്നത്. വിവില്‍ സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്നുവെന്ന കാരണത്താല്‍ പത്തുമാസം മുമ്പാണ് അശ്വതി മക്കള്‍ക്കും തന്റെ അമ്മയ്ക്കും ഒപ്പം മൈലപ്രയില്‍ വാടകയ്ക്കു താമസം തുടങ്ങിയത്. രണ്ടുമാസത്തിനുശേഷം വിവില്‍ ബന്ധുക്കളുമായി എത്തി കുടുംബപ്രശ്‌നം രമ്യതയിലാക്കി. പിന്നീട് ഇരുവരും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. വിവില്‍ വെല്‍ഡിങ് ജോലിക്കും പോകുമായിരുന്നു.
എന്നാല്‍ ഒന്നരയാഴ്ച മുമ്പ് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച മദ്യപിച്ചശേഷം വീട്ടിലെത്തിയ വിവില്‍ വീടിന്റെ ജനലും കതകും തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അശ്വതി പത്തനംതിട്ട വനിതാ സെല്ലില്‍ പരാതി നല്‍കി. ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനായി രാവിലെ ഒരുങ്ങുന്നതിനിടെയാണ് വിവില്‍ എത്തി സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അശ്വതിയെ മുറിയിലേക്ക് വിളിച്ച്
വെട്ടുകത്തികൊണ്ട് വെട്ടിയത്.
മരിച്ചെന്നു കരുതി അശ്വതിയെ ഉപേക്ഷിച്ച് വീടിന്റെ വാതില്‍ ചാരിയശേഷം വിവില്‍ മക്കളെയും എടുത്ത് കടന്നുകളഞ്ഞു. ഇവരുടെ അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു അക്രമം. ഗുരുതര പരിക്കേറ്റ അശ്വതി അയല്‍വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ അമ്മയും വീട്ടുടമസ്ഥനും ചേര്‍ന്ന് അശ്വതിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.