ജില്ലാ കലക്ടര്‍ പോലീസിന് നല്‍കിയ മൊഴി സംശയാസ്പദം, നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പി.പി. ദിവ്യയെ രക്ഷിക്കുകയും ചെയ്യുന്ന മായക്കാഴ്ചയാണ് സി.പി.എം. നടത്തുന്നത്: രമേശ് ചെന്നിത്തല

നിയമപോരാട്ടം മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സഹായത്തിനും ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

New Update
24242424

തിരുവനന്തപുരം: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പോലീസിന് നല്‍കിയ മൊഴി സംശയാസ്പദമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 

Advertisment

പി.പി. ദിവ്യയെ രക്ഷിക്കാന്‍ എത്ര ഹീനമായ പ്രവര്‍ത്തിയിലേക്കും സി.പി.എം. പോകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ കലക്ടറുടെ സംശയാസ്പദമായ മൊഴി. ആന്തൂരിലെ പ്രവാസി വ്യവസായി സാജന് സംഭവിച്ചതിന് സമാനമായി നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കാന്‍ വേണ്ടി ഫാബ്രിക്കേറ്റഡായ കഥകള്‍ ഇനി ഒരുപാട് പുറത്തുവരും എന്നതിന്റെ സൂചനയാണ് കണ്ണൂര്‍ കളക്ടറുടെ
മൊഴിമാറ്റം.

ആത്മഹത്യയ്ക്ക് പിന്നാലെ പോലീസിനു നല്‍കിയ മൊഴിയിലോ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ നല്‍കിയ മൊഴിയിലോ കളക്ടര്‍ നവീന്‍ ബാബു തന്നെ ചേംബറില്‍ വന്നുകണ്ട് തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞതായി പറഞ്ഞിട്ടില്ല. 

ഇക്കാര്യം റവന്യൂ മന്ത്രി രാജനും വ്യക്തമാക്കിയിട്ടുണ്ട്. അന്ന് പറയാത്ത ഒരു വാദം അതിനുശേഷം പോലീസ് നടത്തിയ മൊഴിയെടുപ്പില്‍ കളക്ടര്‍ നല്‍കിയതിലൂടെ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഇതെന്ന് വ്യക്തമാണ്. ഇനി കണ്ണൂര്‍ കളക്ട്രേറ്റിലെ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകരെ നിരനിരയായി ഇറക്കി മൊഴിമാറ്റി പറയിച്ച് ദിവ്യയെ രക്ഷിക്കുന്ന കാഴ്ച അധികം താമസിയാതെ ദൃശ്യമാകും. 

പത്തനംതിട്ടയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും കണ്ണൂരില്‍ പി.പി. ദിവ്യയെ രക്ഷിക്കുകയും ചെയ്യുന്ന മായക്കാഴ്ചയാണ് സി.പി.എം. നടത്തുന്നത്. മരിച്ചു പോയ മനുഷ്യരെ വെറുതെ വിടൂ എന്നു മാത്രമാണ് ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്.

നവീന്‍ ബാബുവിന്റ കുടുംബം എത്തുന്നതിന് മുമ്പ് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തി എന്ന ആരോപണത്തെക്കുറിച്ചും അന്വേഷണം വേണം. തെളിവ് നശിപ്പിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടില്ല എന്നതും സംശയാസ്പദമാണ്. ഈ വിഷയത്തില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കും. നിയമപോരാട്ടം മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സഹായത്തിനും ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisment