Advertisment

സി.പി.എം. നേതാവ് ബീനാ ഗോവിന്ദ് അന്തരിച്ചു

സി.പി.എം. ഇടപ്പരിയാരം ബ്രാഞ്ചംഗമാണ് ബീന.

New Update
757

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററും സി.പി.എം. നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു.

Advertisment

നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ ബീനാ ഗോവിന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തേടിയ ശേഷം മുറിയില്‍ വച്ച് നെഞ്ചുവേദനയെത്തുടര്‍ന്ന് ബോധരഹിതയാവുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സി.പി.എം. ഇടപ്പരിയാരം ബ്രാഞ്ചംഗമാണ് ബീന. തിരുമൂലപുരം എസ്. എന്‍.വി. സംസ്‌കൃത സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അന്നു മുതലാണ് ബീനാ ഗോവിന്ദ് എസ്.എഫ്.ഐ. സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

ചങ്ങനാശേരി എന്‍.എസ്.എസ്. കോളജ്, തിരുവല്ല മാര്‍ത്തോമാ കോളജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് 1986-87 വര്‍ഷത്തില്‍ എസ്.എഫ്.ഐ. ചരിത്രത്തില്‍ ആദ്യമായി പ്രധാന സീറ്റുകളിലടക്കം മാര്‍ത്തോമാ കോളേജില്‍ വിജയിക്കുമ്പോള്‍ അതിന് പിന്നില്‍ സംഘടനാ പ്രവര്‍ത്തകരോടൊപ്പം നേതൃത്വത്തില്‍ ബീനയുമുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി മത്സരിച്ചെങ്കിലും നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

പിന്നീട് എസ.എഫ്.ഐ. ജില്ലാ കമ്മറ്റി അംഗമായും എം.ജി.  സര്‍വ്വകലാശാലാ സെനറ്റംഗമായും പ്രവര്‍ത്തിച്ചു. വിജയവാഡ, കൊല്‍ക്കത്തയിലെ ഡംഡം എന്നിവിടങ്ങളില്‍ നടന്ന ദേശീയ സമ്മേളനങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മേളനങ്ങളിലും സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 

ഹരിത കേരള മിഷന്റെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്. 2018ലെ പ്രളയ കാലത്ത് ബീനാ ഗോവിന്ദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭര്‍ത്താവ്: ഷാജി (ഗള്‍ഫ്). മക്കള്‍: അപര്‍ണ(ഓസ്‌ട്രേലിയ), അരവിന്ദ്. മരുമകന്‍: ഉണ്ണികൃഷ്ണന്‍.

Advertisment