കോട്ടയം: ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വ്യജന്മാരെ പിടികൂടുന്നത് വെളിച്ചെണ്ണ വിപണിയിലാണ്. കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ പേരിനോടും പായ്ക്കറ്റിന്റെ നിറത്തോടും സാമ്യമുളള വ്യാജന്‍മാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നെത്തുന്നതും പതിവാണ്.
എല്ലാ ഓണക്കലാത്തും പരിശോധന നടത്തി മായം ചേര്‍ത്ത് എത്തുന്നതും ഗുണനിലവാരം കുറഞ്ഞതുമായ വെളിച്ചെണ്ണ കമ്പനികളെ പിടികൂടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ഓണാഘോഷം കഴിഞ്ഞതോടെയാണ് വെളിച്ചെണ്ണയ്ക്കു വില കുതിച്ചുയരുന്നത്.
വില വര്‍ധനയ്ക്കു പിന്നാലെ വെളിച്ചെണ്ണ വിപണിയില്‍ ഉള്‍പ്പെടെ വ്യാജന്‍മാരുടെ വിളയാട്ടം വര്‍ധിച്ചേക്കുമെന്നു സൂചന. വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തയാറാകും. ഇതോടെ, പല പേരുകളില്‍ മായം ചേര്‍ന്ന വ്യാജ വെളിച്ചെണ്ണ വിപണി കൈയടക്കും.
ഭക്ഷ്യഎണ്ണകളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നിലവില്‍ പലയിടങ്ങളിലും ആവര്‍ത്തിച്ച് ഉപയോഗിച്ചു കറുത്ത നിറമായ എണ്ണയിലാണ് പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്.
നഗരസഭയുടെ പരിശോധനകളില്‍ ഇതു വ്യക്തമാകുന്നതുമാണ്. എന്നാല്‍, തട്ടുകടകളില്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
വെളിച്ചെണ്ണ വിലയില്‍ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടായത് 40 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഓണത്തിനു മുമ്പ് 200 രൂപയിലേക്ക് എത്തിയ ബ്രാന്‍ഡഡ് കമ്പനികളുടെ വെളിച്ചെണ്ണ വില രണ്ടാഴ്ചകൊണ്ട് 240 കടന്നു മുന്നേറുകയാണ്. ഓരോ ആഴ്ചയും സ്റ്റോക്ക് എത്തിക്കുമ്പോള്‍ കിലോയ്ക്ക് 10 രൂപയുടെ എങ്കിലും വര്‍ധനയുണ്ടാകുന്നതായി വ്യാപാരികള്‍ പറയുന്നു.
സാധാരണ ഓണം സീസണില്‍ വെളിച്ചെണ്ണ വില ഉയരാറുണ്ടെങ്കിലും ഓണത്തിനു ശേഷം വില ഇടിയാറുണ്ട്. ഈ പ്രതീക്ഷയില്‍ വ്യാപാരികള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്തിരുന്നില്ല. എന്നാല്‍, പതിവ് തെറ്റിച്ചാണ് ഇപ്പോഴത്തെ വിലവര്‍ധന.
കൊപ്രയുടെ വില വര്‍ധനയും ക്ഷാമവും വില വര്‍ധനയ്ക്കു കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. കൊപ്രവില 145 രൂപവരെയെത്തിയിരുന്നു. ജില്ലയിലെ ഉള്‍പ്പെടെ എണ്ണക്കമ്പനികളില്‍ പലതും തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന കൊപ്ര ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്.
നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി കൊപ്രയ്ക്ക് ഉത്തരേന്ത്യയിലുണ്ടായ ഡിമാന്റ് പ്രതിസന്ധി രൂക്ഷമാക്കി. അടുത്തയാഴ്ചയോടെ കൊപ്ര വില കുറയുമെന്നും പിന്നാലെ വെളിച്ചെണ്ണ വിലയിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയാണു വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്.
വെളിച്ചെണ്ണയ്ക്കു ബദലായി ഉപയോഗിക്കുന്ന പാംഓയിലിനും സൂര്യകാന്തി എണ്ണയ്ക്കും വില വര്‍ധിക്കുന്നതു പ്രതിസന്ധി ഇരട്ടിയാക്കുന്നു. പാം ഓയില്‍ വില 30 രൂപ വര്‍ധിച്ച് 120 രൂപയായി. തേ രീതിയില്‍ ഉയര്‍ന്നു സൂര്യകാന്തി എണ്ണയുടെ വില 130 രൂപയിലുമെത്തി.