മലപ്പുറം: പത്തു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കടയുടമയ്ക്ക് 43 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി. പാണ്ടിക്കാട് തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി(54)നെയാണ് ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവനുഭവിക്കണം.
2021 ഏപ്രില്‍ 11ന് ഉച്ചയ്ക്കാണ് സംഭവം. പാണ്ടിക്കാട് തമ്പാനങ്ങാടിയില്‍ പ്രതിയുടെ കടയില്‍ സോഡ കുടിക്കാനെത്തിയ പത്തു വയസുകാരനെ ഇയാള്‍ കടയ്ക്കുള്ളിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പാണ്ടിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതന് നല്‍കാനും വിക്ടിം കോമ്പന്‍സേഷന്‍ പ്രകാരം മതിയായ നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി.
പാണ്ടിക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ. റഫീഖാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി.