Advertisment

പഠനയാത്രയെ വിനോദയാത്രയാക്കി മാറ്റുന്ന അവസ്ഥ, പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്: വി. ശിവന്‍കുട്ടി

"പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം"

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
3434343

തിരുവനന്തപുരം: പഠനയാത്രയെ വിനോദയാത്രയാക്കി മാറ്റുന്ന അവസ്ഥയാണുള്ളതെന്നും പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

Advertisment

പഠനയാത്രയെ വിനോദയാത്രയാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വന്‍ തുകയാണ് ചില സ്‌കൂളുകള്‍ യാത്രകള്‍ക്കായി നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കും. 

അതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം. സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്. അതുപോലെ സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. 

സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സ്‌കൂളുകളില്‍ പഠനയാത്രകള്‍, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

Advertisment