Advertisment

നാശത്തിന്റെ വക്കില്‍ വേമ്പനാട്ട് കായല്‍, മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞു; എക്കലും പോളയും നീക്കാന്‍ നടപടിയില്ല

തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് വലിയതോതില്‍ നാശനഷ്ടം സംഭവിച്ചത്.

New Update
363

കോട്ടയം: ആലപ്പുഴ, കോട്ടയം എറണാകുളം എന്നീ മൂന്നു ജില്ലകളായി പരന്നു കിടക്കുന്ന വേമ്പനാട്ട് കായല്‍ ഇന്നു നാശത്തിന്റെ വക്കില്‍. വേമ്പനാട്ട് കായലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവര്‍  പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 

Advertisment

ചെളിയും എക്കലും നിറഞ്ഞു ഇന്നു വേമ്പനാട് കായലിന്റെ ആഴം ഗണ്യമായി കുറഞ്ഞു. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകിടം മറിഞ്ഞു. മുമ്പ് സുലഭമായി കിട്ടിക്കൊണ്ടിരുന്ന കക്കാ പോലും ഇപ്പോള്‍ ആവശ്യത്തിന് മത്സ്യത്തൊഴിലാളികള്‍ക്കു കിട്ടാനില്ല.

വേമ്പനാട് കായല്‍ ഗുരുതര അവസ്ഥയായിട്ടും സംരക്ഷണത്തിനു അധികൃതര്‍ മടിക്കുന്നു. ഇടയ്ക്കു മീന്‍ കുഞ്ഞുങ്ങളെ കൊണ്ടു ഇടുന്നതും എല്ലാം ശരിയാക്കുമെന്ന പ്രഖ്യാപനവുമല്ലാതെ നാളിതുവരെ കാര്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്തിന് ജനങ്ങളെ ദുരതത്തിലാക്കുന്ന പോള ശല്യത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തുത. 

പ്രളയകാലത്ത് കായലിലേക്ക് ഒഴുകിയെത്തിയ എക്കലും മണലും ഡ്രജര്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ നടപടി വേണമെന്ന  മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. 

ശക്തമായ കുത്തൊഴുക്കില്‍ കിഴക്കന്‍ മലനിരകളില്‍നിന്നും വെള്ളത്തോടൊപ്പം എത്തിയ മണല്‍ കായലിലെ കറുത്തകക്കയുടെ ഉപരിതലത്തില്‍ വീണതോടെ കക്ക സമ്പത്തിന് വന്‍തോതില്‍ നാശനഷ്ടമാണുണ്ടായത്.

തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് വലിയതോതില്‍ നാശനഷ്ടം സംഭവിച്ചത്. വളര്‍ച്ചയെത്തിയ കക്കയും ചെറിയ ഇനം കക്കയും മണ്ണിനടിയിലായതോടെ ഉത്പാദനം വളരെയേറെ കുറഞ്ഞതായും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയില്‍ അനധികൃത മത്സ്യബന്ധനവും കുരുന്നുകക്കകള്‍ വാരി നശിപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചെങ്കിലും ഫിഷറീസ് വകുപ്പ് അധികൃതരുടെ പരിശോധനയെത്തുടര്‍ന്ന് ഈയിടെ മാറ്റം വന്നിട്ടുണ്ട്. 

കായലിന്റെ അടിത്തട്ടില്‍ വളരുന്ന ജലസസ്യങ്ങളെ ഉള്‍പ്പെടെ നശിപ്പിക്കുന്ന അടക്കന്‍കൊല്ലിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഇപ്പോഴും രഹസ്യമായി നടക്കുന്നുണ്ടെന്നും അരുളയും ആമ്പലും ഉള്‍പ്പെടെയുള്ള ജലസസ്യങ്ങളുടെ ഇടയില്‍ കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ മുട്ടയിട്ട് വംശവര്‍ധന നടത്തുന്നതിന് ഇത് തടസമായി മാറുന്നെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment