കോട്ടയം: യാതൊരു തടസവുമില്ലാതെ മാലിന്യം റോഡരികില്‍ ഉപേക്ഷിക്കാം. അധികൃതര്‍ തിരിഞ്ഞു നോക്കില്ലെന്നുറപ്പ്. കോട്ടയം നഗരത്തിലെ പല ഭാഗങ്ങളും ഇന്നു മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു. എന്നാല്‍, നടപടി സ്വീകരിക്കേണ്ട നഗരസഭ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നുള്ളതാണ് വസ്തുത.
ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനാല്‍ വീടുകളില്‍ നിന്നു മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറഞ്ഞിട്ടുണ്ടെങ്കിലും ഹോട്ടലുകളിലെയും ഫ്ളാറ്റുകളിലെയും മാലിന്യങ്ങള്‍ ഇപ്പോഴും റോഡരികുളില്‍ കൊണ്ടു തള്ളുന്നത് പതിവാണ്. മറ്റു ജില്ലകളില്‍ നിന്നുപോലും കോട്ടയത്ത് മാലിന്യം തള്ളാന്‍ വാഹനങ്ങള്‍ എത്തുന്നുണ്ട്.
മാര്‍ക്കറ്റ് റോഡ്, പാസ്‌പോര്‍ട്ട് ഓഫീസ് റോഡ്, കോടിമത പച്ചക്കറി മാര്‍ക്കറ്റ്, തിരുനക്കര ബസ് സ്റ്റാന്‍ഡ് കാത്തിരിപ്പുകേന്ദ്രം, നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപം, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, കോടിമത ഈരയില്‍ക്കടവ് ബൈപ്പാസ് റോഡ് തുടങ്ങി നിരവധി ഇടങ്ങളിലാണു മാലിന്യങ്ങള്‍ കൂടിക്കിടക്കുകയാണ്.
നഗരത്തിലെ റോഡരികുകള്‍ ചവറ്റുകുട്ടയ്ക്ക് സമാനമായി. ഫ്‌ളാറ്റുകള്‍, വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡരികിലും ബൈപ്പാസ് റോഡരികിലുമാണു തള്ളുന്നത്. കോടിമത- ഈരയില്‍ക്കടവ് ബൈപ്പാസ് റോഡ് മാലിന്യം തള്ളുന്ന പ്രധാന ഇടമാണ്.
ശൗചാലയ മാലിന്യം ഉള്‍പ്പെടെ ഇവിടെ തള്ളുന്നതും നിത്യസംഭവമാണ്. അധികൃതര്‍ പിടികൂടി പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടും മാലിന്യം തള്ളലിന് കുറവില്ല. കോടിമത ബൈപ്പാസ് റോഡില്‍ നഗരസഭയുടെ മുന്നറിയിപ്പു ബോര്‍ഡിനു കീഴെയാണു മാലിന്യമല രൂപപ്പെട്ടിരിക്കുന്നത്.
അന്യജില്ലകളില്‍ നിന്നുള്ള മാലിന്യനിക്ഷേപം ടോയ്‌ലെറ്റ് മാലിന്യങ്ങള്‍, റബര്‍, ബാഗ്, ചെരുപ്പ് ഫാക്ടറി എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ അന്യജില്ലകളില്‍ നിന്ന് വാഹനങ്ങളിലുംമറ്റും കൊണ്ടുവന്ന് ബൈപ്പാസ് റോഡിലടക്കം തള്ളുന്നു. ചെറുവാഹനങ്ങളില്‍ എത്തുന്നവര്‍ റോഡരികിലെ കാടുകളെ മറയാക്കിയും നിരീക്ഷണ കാമറകള്‍ ഇല്ലെന്ന് മനസിലാക്കി രാത്രിയുടെ മറവിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്.