കൊച്ചി: മരടില്‍ റോഡപകടത്തില്‍ വനിതാ ഡോക്ടര്‍ മരിച്ചു. മരട് വിടിജെ എന്‍ക്ലേവ് ബണ്ട് റോഡില്‍ തെക്കടത്ത് വീട്ടില്‍ രഞ്ജന്‍ വര്‍ഗീസിന്റെ ഭാര്യ ഡോ. വിന്‍സി വര്‍ഗീസാ(42)ണ് മരിച്ചത്. സംഭവത്തില്‍ ലോറിയുടെ ഡ്രൈവര്‍ അടിമാലി തേക്കിന്‍കാട്ടില്‍ അഷറഫിനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മരട് കാളാത്ര ജങ്ഷനില്‍ ഇന്ന് രാവിലെ 8.10നായിരുന്നു അപകടം. ഗാന്ധിസ്‌ക്വയറിലെ ആയുര്‍വേദ സ്ഥാപനത്തില്‍ ചികിത്സയിലുള്ള പിതാവിനെ കാണാനെത്തിയതായിരുന്നു വിന്‍സി.
റോഡിലെ കുഴി കണ്ട് വേഗത കുറച്ച സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ എതിരേ വന്ന വാഹനം തട്ടിയാണ് അപകടമുണ്ടായത്. താഴെവീണ വിന്‍സിയുടെ ശരീരത്തിലൂടെ ടോറസ് ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.