കോട്ടയം: ഒരിടയ്ക്ക് കര്‍ഷകന് പ്രതീക്ഷ നല്‍കി കുതിച്ചുയര്‍ന്ന കൊക്കോ ഇന്നു തകര്‍ച്ചയുടെ വക്കില്‍. മകിച്ച വില ലഭിക്കുമെന്നു കരുതി കൃഷി ആരംഭിച്ചവര്‍ നിരാശയില്‍. കൊക്കോ ഇന്നു കിലോയ്ക്ക് 52 രൂപ മാത്രമണ് വില.
പ്രധാന കൊക്കോ ഉത്പാദകരാജ്യങ്ങളായ ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് മാസങ്ങള്‍ക്കു മുമ്പ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. വില കുതിച്ചുയരുകയും കൊക്കോയ്ക്ക് ദൗര്‍ലഭ്യം നേരിടുകയും ചെയ്തതോടെ സംഭരണ ഏജന്‍സികള്‍ കര്‍ഷകരുടെ പക്കല്‍ നേരിട്ടെത്തി മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ നല്‍കിയാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് കൊക്കോ സംഭരിച്ചത്.
ഉത്പാദനം കുറവായിരുന്നെങ്കിലും സീസണിലെ അധികവില കൊക്കോ കര്‍ഷകര്‍ക്ക് വലിയനേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ ഉത്പാദനം ഉയര്‍ന്നതാണ് വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണം. കൊക്കോയുടെ ഉയര്‍ന്നവിലയില്‍ ഭ്രമിച്ച് കര്‍ഷകര്‍ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് വിലത്തകര്‍ച്ച തിരിച്ചടിയായത്.
വില വര്‍ധനയ്ക്ക് പിന്നാലെ കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ നഴ്‌സറികളില്‍നിന്നു വന്‍തോതിലാണ് കൊക്കോത്തൈകള്‍ വിറ്റുപോയത്. വന്‍കിട സ്വകാര്യകമ്പനിയുടെ നഴ്‌സറിയില്‍ രണ്ടുലക്ഷം തൈകളാണ് ഇക്കാലയളില്‍ വിറ്റുപോയത്. തൈ ഒന്നിന് പത്തു രൂപയായിരുന്നു വില.
കൊക്കോയുടെ ആഗോള ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ കൊക്കോകൃഷി നഷ്ടക്കച്ചവടമാകില്ലെന്ന് കരുതിയാണ് ഒട്ടേറെപ്പേര്‍ വീണ്ടും അതിലേക്ക് തിരിഞ്ഞത്. പക്ഷേ, വില കുറഞ്ഞ സാഹചര്യത്തില്‍ കൊക്കോ കൃഷി തുടരണോയെന്ന ആശയക്കുഴപ്പത്തിലാണ് കര്‍ഷകര്‍.