വൈക്കത്ത് രണ്ട് ജൂവലറിയിലും കടയിലും  കവര്‍ച്ച; മധ്യപ്രദേശ് സ്വദേശി പിടിയില്‍

മധ്യപ്രദേശ് ബഡ്ഗാവൂണ്‍ സ്വദേശി ദന്‍രാജ് യദുവന്‍ഷി(25)യെയാണ് പിടികൂടിയത്. 

New Update
2424

വൈക്കം: വൈക്കം ടൗണിലെ രണ്ട് ജൂവലറിയിലടക്കം നാല് കടയില്‍ മോഷണം നടത്തിയ പ്രതി ആലപ്പുഴയില്‍ പിടിയില്‍. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ മധ്യപ്രദേശ് ബഡ്ഗാവൂണ്‍ സ്വദേശി ദന്‍രാജ് യദുവന്‍ഷി(25)യെയാണ് കൈനടി പോലീസ് പിടികൂടിയത്. 

Advertisment

തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വൈക്കത്ത് നടത്തിയ മോഷണത്തെക്കുറിച്ച് പ്രതി പോലീസിനോട് സമ്മതിച്ചത്. 16ന് പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് പടിഞ്ഞാറെനട അന്ധകാരത്തോടിന് സമീപമുള്ള രശ്മി ഫാഷന്‍ ജൂവലറി, സില്‍വര്‍ കാസില്‍, ന്യൂബെസ്റ്റ് ബേക്കേഴ്‌സ്, എസ്. മഹാദേവ അയ്യര്‍ വസ്ത്രവ്യാപാര സ്ഥാപനം എന്നിവിടങ്ങളില്‍ മോഷണം നടന്നത്. ബേക്കറിയില്‍നിന്ന് 2800 രൂപയും വസ്ത്ര വ്യാപാരസ്ഥാപനത്തില്‍നിന്ന് 500 രൂപയും നഷ്ടപ്പെട്ടിരുന്നു. 

ദന്‍രാജിനെ കൈനടി പോലീസ് വൈക്കത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 17ന് രാത്രി കൈനടി ചെറുകര നെടുംതട്ടാംവീട്ടില്‍ ശ്രീധരന്‍ ഉണ്ണിയുടെ വീട്ടില്‍ മോഷണശ്രമം നടത്തിയ കേസിലാണ് ദന്‍രാജ് അറസ്റ്റിലാകുന്നത്. അന്ന് വൈകിട്ട് നാലിന് വാലടിഭാഗത്തുവച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. 

വൈക്കത്തിന് പുറമേ ചെങ്ങന്നൂരില്‍ ഹാര്‍ഡ്വെയര്‍ ഷോപ്പില്‍നിന്ന് 40,000 രൂപ കവര്‍ന്നതായും തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജൂവലറിയില്‍നിന്നു വെള്ളിയാഭരണങ്ങളും പണവും മോഷ്ടിച്ചതായും ആലപ്പുഴയിലെ ജൂവലറിയില്‍നിന്ന് വെള്ളിയാഭരണങ്ങളും 10 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും കവര്‍ന്നതായും പ്രതി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലും ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം  ജില്ലകളിലും ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Advertisment