/sathyam/media/media_files/BtAFHBzUQvjIb3A02PBQ.jpg)
കോഴിക്കോട്: പി.വി. അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കടന്നാക്രമണം നടത്തുന്നത് നേതൃത്വത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു എം.എല്‍.എ. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അന്‍വര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുള്ളത്.
ആ പരാതിയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സി.പി.എമ്മിനും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലുള്ളവര്‍ മാത്രമല്ല പാര്‍ട്ടിക്ക് പുറത്തുള്ളവരും പാര്‍ട്ടിക്ക് പരാതി അയയ്ക്കാറുണ്ട്.
അത്തരം പരാതികളോടെല്ലാം നീതിപൂര്‍വമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഏതോ കേന്ദ്രങ്ങളില്‍ നടത്തിയിട്ടുള്ള ആലോചനകളുടെ ഭാഗമായാണ് അന്‍വര്‍ ഇത്തരത്തില്‍ കടന്നാക്രമണം നടത്തിയിട്ടുള്ളത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാരിനും എതിരായി വ്യാപകമായ പ്രചാരണം നേരത്തെ തന്നെ പാര്‍ട്ടി ശത്രുക്കളും യു.ഡി.എഫും ബി.ജെ.പിയും എല്ലാം ചേര്‍ന്ന് നടത്തിയിട്ടുണ്ട്. അത്തരം പ്രചരണങ്ങള്‍ക്ക് മാധ്യമങ്ങളും പിന്തുണ നല്‍കിയിട്ടുണ്ട്.
ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മുന്നോട്ട് പോകുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അത്തരം നിലപാടുകളെടുത്ത് മുന്നോട്ട് പോകുമ്പോള്‍ മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് തകര്‍ക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയും.
അന്‍വര്‍ ഒരു ആരോപണം ഉന്നയിച്ചാല്‍ അത് മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് പറയുന്നത് ശരിയല്ല. പാര്‍ട്ടിക്ക് വേണ്ടി പറയാന്‍ എന്ത് പ്രാതിനിധ്യമാണ് അന്‍വറിനുള്ളത്. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.