പത്തനംതിട്ട: കോന്നിയില്‍ വീടിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി. ആനകുത്തി പെരിഞ്ഞൊട്ടയ്ക്കല്‍ അയ്യന്തിയില്‍ തോമസ് എബ്രഹാമിന്റെ വീട്ടിലാണ് തീന്മേശയുടെ കാലില്‍ ചുറ്റിയ നിലയിലായിരുന്നു പാമ്പ്. രാജവെമ്പാലയെ വനപാലകര്‍ പിടികൂടി ഉള്‍വനത്തില്‍ വിട്ടു.
ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് വീട്. കോന്നി സ്ട്രൈക്കിങ് ഫോഴ്സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ്. രാജേഷ്കുമാര്‍, ഡി. രാജേഷ്, എ. അഭിലാഷ്, എസ്. ലാലു, കുമാര്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.